07:41pm 12 November 2026
NEWS
ട്വന്റി 20 പാർട്ടി എൻഡിഎയിൽ ചേർന്നതിന് പിന്നിൽ സാബു എം. ജേക്കബിന്റെ ഇ.ഡി പേടിയോ?
27/01/2026  09:22 AM IST
nila
 ട്വന്റി 20 പാർട്ടി എൻഡിഎയിൽ ചേർന്നതിന് പിന്നിൽ സാബു എം. ജേക്കബിന്റെ ഇ.ഡി പേടിയോ?

കൊച്ചി: സാബു എം. ജേക്കബിന്റെ നേതൃത്വത്തിലുള്ള ട്വന്റി 20 പാർട്ടിയുടെ എൻഡിഎ പ്രവേശനത്തിന് പിന്നിൽ ഇഡി പേടിയെന്ന ചർച്ചകൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവമാകുന്നു. സാബു എം ജേക്കബിന്റെ കിറ്റെക്സ് ​ഗ്രൂപ്പിനെതിരെ ഫെമ നിയമലംഘനത്തിന് കേസെടുത്ത എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം പുരോ​ഗമിക്കുന്നതിനിടെയാണ് എൻഡിഎയിലേക്ക് ട്വന്റി20 പാർട്ടി എത്തുന്നത്. അന്വേഷത്തിൽ നിന്നും തലയൂരാൻ കേന്ദ്രസർക്കാരിനെ സ്വാധീനിക്കാനാണ് ഈ രാഷ്ട്രീയ കരുനീക്കമെന്നാണ് ഉയരുന്ന വിമർശനം. 

ഫെമ നിയമലംഘനത്തിൻ്റെ ഭാഗമായി കിറ്റെക്സ് ഗ്രൂപ്പിനെതിരെ ഇഡി കേസെടുത്തിരുന്നു. ഇതിനിടെ രണ്ട് തവണ ചോദ്യം ചെയ്യാനായി ഇഡി നോട്ടീസ് ലഭിച്ചിട്ടും സാബു എം. ജേക്കബ് നേരിട്ട് ഹാജരായിരുന്നില്ല. പകരം ചാർട്ടേഡ് അക്കൗണ്ടന്റിനെ അയക്കുകയാണ് ചെയ്തത്. ഇഡി അന്വേഷണം ശക്തമാകുന്നതിനിടെയാണ് സാബു എം ജേക്കബിന്റെ നിർണായക നീക്കം. 

രാജീവ് ചന്ദ്രശേഖറിനൊപ്പം നടത്തിയ പത്രസമ്മേളനത്തിലാണ് സാബു എം. ജേക്കബ് എൻഡിഎയിലേക്കു ചേർന്നത് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.  ട്വന്റി ട്വന്റി ആദ്യമായാണ് ഒരു മുന്നണിയുടെ ഭാഗമായത്. പാർട്ടി ഒറ്റയ്ക്കു പ്രവർത്തിച്ചാൽ കേരളത്തിൽ രാഷ്ട്രീയ സ്വാധീനം നിലനിർത്താൻ പ്രായോഗികമാകുമോ എന്ന ആശങ്ക മൂലമാണ് എൻഡിഎയിൽ ചേർന്നത് എന്നായിരുന്നു സാബു എം ജേക്കബിന്റെ വിശദീകരണം.

തദ്ദേശ തെരഞ്ഞെടുപ്പിൽ ട്വന്റി ട്വന്റിക്ക് കനത്ത ക്ഷീണം നേരിടേണ്ടി വന്നു. നാല് പഞ്ചായത്തിൽ അധികാരത്തിലുണ്ടായ പാർട്ടി ഇക്കുറി രണ്ട് സ്ഥലങ്ങളിൽ ഭരണം നഷ്ടപ്പെട്ടു. രണ്ടിടത്തെ ജില്ലാപഞ്ചായത്ത് അംഗങ്ങളും നഷ്ടപ്പെട്ടു, കൈവശമുണ്ടായ ഒരു ബ്ലോക്ക് പഞ്ചായത്തും നഷ്ടമായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img